ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം; അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ച് അധികൃതർ

single-img
21 April 2022

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഗുജറാത്തില്‍ സബര്‍മതി ആശ്രമത്തിന് അടുത്തുള്ള ചേരികൾ അധികൃതര്‍ തുണി കെട്ടി മറച്ചു. ഇതിനുമുൻപ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ചേരികള്‍ തുണികെട്ടി മറച്ചത് വലിയ വിവാദമായിരുന്നു.

ഇപ്പോൾ സബർമതി ആശ്രമത്തിലേക്കുള്ള വഴി മുഴുവന്‍ അധികൃതർ വെള്ള തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ദേശീയ മാധ്യമമായ എക്കണോമിക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനാണ് ചേരികള്‍ തുണി ഉപയോഗിച്ച് മറച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ഇന്ന് ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വലിയ സ്വീകരണമാണ് ഒരുക്കിയത്.

രണ്ടുദിവസം നീളുന്ന സന്ദര്‍ശനത്തിനായാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തിയത്. ഇന്ന് രാവിലെ അഹമ്മദാബാദിലെത്തിയ അദ്ദേഹം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ കണ്ടു. തുടർന്ന് ഗാന്ധി ആശ്രമവും ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റിയും അദ്ദേഹം സന്ദര്‍ശിച്ചു.