ജഹാംഗീര്‍പുരി; പ്രധാനമന്ത്രി മോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്യണം; രാഹുൽ ഗാന്ധി

single-img
20 April 2022

ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇന്ന് കോടതി ഉത്തരവിനെയും മറികടന്നുകൊണ്ട് നടന്ന കെട്ടിടം പൊളിക്കലില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ എഴുതി.

‘ ഇന്ന് നടന്നത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയാണ്. ഇത് ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്. ഇതിനു പകരം അവരുടെ ഹൃദയത്തിലെ വിദ്വേഷം ബി.ജെ.പി ബുള്‍ഡോസ് ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്യണമെന്നും വൈദ്യുത നിലയങ്ങള്‍ ഓണാക്കാനും രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

അനധികൃത നിർമ്മാണം എന്ന് ആരോപിച്ചുകൊണ്ട് ഡൽഹിയിലെ ജഹാംഗീര്‍പുരിയിലും മധ്യപ്രദേശിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതോടൊപ്പം തന്നെ വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം താഴ്ന്ന നിലയിലായതിനാല്‍ വൈദ്യുതി വിതരണത്തില്‍ തകരാര്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.