പിണറായി വിജയന്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തുന്നത് ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി: കെ സുരേന്ദ്രൻ

single-img
20 April 2022

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയം ശതകോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യത്തിലാണ് വലിയ അഴിമതി ലക്ഷ്യംവെച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

വാർഷിക ആഘോഷം കഴിഞ്ഞ ദിവസം കോഴിക്കോട് വന്‍തോതില്‍ പണം ചെലവഴിച്ചാണ് സംഘടിപ്പിച്ചത്. സംസ്ഥാനം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുൻ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

അതേപോലെ തന്നെ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായ നിലപാട് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചതോടെ ഇരു കൂട്ടരുമായുള്ള സഖ്യം യാഥാര്‍ഥ്യമാവുമെന്ന് ഉറപ്പായി. മന്ത്രി എംവി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണ്. ഇത് കേരളത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കും. കേരളത്തില്‍ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.