ജഹാംഗീർപുരിയിലെ ചേരികൾ ഒഴിപ്പിക്കുന്നത് തടഞ്ഞ് ബൃന്ദ കാരാട്ട്; ബുൾഡോസറിനു മുന്നിലേക്ക് നേരിട്ട് ചെന്ന് നിന്നു

single-img
20 April 2022

കഴിഞ്ഞ വാരത്തിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ചേരികൾ ഒഴിപ്പിക്കുന്ന മുനിസിപ്പിൽ കോർപ്പറേഷന്റെ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബുൾഡോസർ തടഞ്ഞ് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്.

ബുൾഡോസറിന്റെ മുന്നിലേക്ക് നേരിട്ട് ചെന്ന് നിന്ന് ബൃന്ദ കാരാട്ട് ഒഴിപ്പിക്കൽ തടയുകയായിരുന്നു. ഒഴിപ്പിക്കൽ നിർത്തിവയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പുമായാണ് വൃന്ദ കാരാട്ട് സംഭവ സ്ഥലത്തെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഒമ്പത് ബുൾഡോസറുകളുമായി ഒഴിപ്പിക്കലിന് മുനിസിപ്പൽ അധികൃതർ എത്തിയത്.സുരക്ഷ ഒരുക്കാൻ വൻ പൊലീസ് സന്നാഹവും പ്രദേശത്ത് വിനൃസിച്ചു. കൌശൽ ചൌക്കിൽ റോഡിനോട് ചേർന്നുള്ള വലിയ രണ്ട് കടകളാണ് ആദ്യം പൊളിച്ചത്.

പ്രദേശ വാസികൾ പുറത്തേക്ക് വരാതെയിരിക്കാൻ എല്ലാം ഗലികളും പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. ഇതിനിടെ പൊളിക്കൽ നിർത്തിവെച്ച് തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി വാക്കാൽ നിർദ്ദേശിച്ചു. എന്നാൽ കോടതി ഉത്തരവ് നേരിട്ട് ലഭിക്കും വരെ പൊളിക്കൽ തുടരുമെന്നായിരുന്നു കോർപ്പറേഷൻ മേയർ പറഞ്ഞത്. പൊളിക്കൽ തുടർന്ന അധികൃതർ സമീപത്തുള്ള മസ്ജീദിന്റെ റോഡിലേക്കുള്ള ഗേറ്റും പൊളിച്ചു. ഇത് അനധികൃത നിർമ്മാണമെന്നാണ് എംസിഡി വിശദീകരണം. ഇതിനിടെ സ്ഥലത്ത് എത്തിയ സിപിഎം പിബി അംഗം വൃന്ദ കാരാട്ട് നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബുൾഡോസർ തടയുകയായിരുന്നു .

ഉത്തരവിന്റെ പകർപ്പുമായിട്ടാണ് വൃന്ദ എത്തിയത്. നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും പ്രതിഷേധം ഉയർത്തി. കേസിൽ വീണ്ടും ഇടപെട്ട സുപ്രീംകോടതി പൊളിക്കൽ നിറുത്തിവയ്ക്കാത്തതിൽ അതൃപ്തി അറിയിച്ചു. മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർക്ക് രേഖാമൂലം നിദ്ദേശം എത്തിയതോടെ ഒരു മണിക്ക് നടപടികൾ നിർത്തി. ഒഴിപ്പിക്കലിനെതിരായ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.