ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകാതിരിക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നൽകുക; ഹിന്ദുക്കളോട് ആഹ്വാനവുമായി യതി നരസിംഹാനന്ദ്

single-img
18 April 2022

ഇന്ത്യ ഒരു മുസ്ലിം രാഷ്ട്രമായി മാറാതിരിക്കാൻ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിന്ദുക്കളോട് ആഹ്വാനവുമായി അഖില ഭാരത സന്ത് പരീഷദിന്റെ ഹിമാചലിലെ ചുമതല വഹിക്കുന്ന യതി നരസിംഹാനന്ദ്. യുപിയിലെ ഉന്നാവിലെ മുബാറക്ക്പൂരില്‍ നടന്ന ധര്‍മ സന്‍സാദിലാണ് അദ്ദേഹം ഇത്തരത്തിൽ ഒരു വിദ്വെഷ പരാമർശം നടത്തിയത്.

2021 ഡിസംബറില്‍ രാജ്യത്തെ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന വിവാദ പ്രസംഗത്തിന് യതി നരസിംഹാനന്ദ് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.

ഇതോടൊപ്പം തന്നെ രണ്ട് കുട്ടികളെ മാത്രം പ്രസവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നിലവിൽ നമ്മുടെ രാജ്യത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യതി നരസിംഹാനന്ദ്, അന്നപൂര്‍ണ ഭാരതി എന്നിവര്‍ക്ക് പുറമേ രാജ്യത്തുടനീളമുള്ള നിരവധി സന്യാസിമാരും വൈദികരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ വെച്ച് ഒരു മതത്തിനും ജാതിക്കും എതിരെയും പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് പോലീസ് നോട്ടീസ് അയച്ചിരുന്നു.