ആർഎസ്എസ്- എസ് ഡി പിഐ; ഇവരിലാരാണ് കൂടുതൽ അപകടകാരികൾ എന്ന താരതമ്യത്തിന് പ്രസക്തിയേ ഇല്ല: തോമസ് ഐസക്

single-img
18 April 2022

ജനങ്ങളെ ഭയചകിതരാക്കി സമൂഹത്തെ വർഗീയമായി ചേരിതിരിക്കുന്നതിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ആർഎസ്എസും എസ്ഡിപിഐയും എന്ന് സിപിഎം നേതാവ് തോമസ് ഐസക്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇവരിലാരാണ് കൂടുതൽ അപകടകാരികൾ എന്ന താരതമ്യത്തിന് പ്രസക്തിയേ ഇല്ല. ഇരുതീവ്രവാദിവിഭാഗങ്ങളെയും ഒറ്റപ്പെടുത്തി സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് മതേതര ജനാധിപത്യ വിശ്വാസികളുടെ അടിയന്തര കടമ എന്ന് അദ്ദേഹം എഴുതി.

ആർഎസ്എസും എസ്ഡിപി ഐ-ജമാ അത്തെ ഇസ്‌ലാമി കക്ഷികളും ശ്രമിക്കുന്നത് യഥാക്രമം ഹിന്ദുവിനെയും മുസ്ലിമിനെയും വർഗീയവൽക്കരിക്കാനാണ്. കേരളത്തിൽ ഈ ശ്രമത്തിൽ ഇതുവരെ ഇരുകൂട്ടരും കാര്യമായി വിജയിച്ചിട്ടില്ല. അതിന് വർഗ്ഗീയ കലാപം തന്നെ വേണ്ടിവരും. ഇതിനുള്ള ഒരുക്കുകൂട്ടലിലാണ് അവർ. സമൂഹത്തിനാകെ ആപത്തായ ക്രിമിനലുകളായിത്തന്നെ ഇരുകൂട്ടരെയും നാം കാണണമെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ജനങ്ങളെ ഭയചകിതരാക്കി സമൂഹത്തെ വർഗീയമായി ചേരിതിരിക്കുന്നതിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ആർഎസ്എസും എസ്ഡിപിഐയും. ഏതു സ്ഥലത്തും ഏതു നേരത്തും പൈശാചികമായ കൊലപാതകങ്ങൾ നടത്താൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ് അവരെന്നാണ് ചില സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ഇവരിലാരാണ് കൂടുതൽ അപകടകാരികൾ എന്ന താരതമ്യത്തിന് പ്രസക്തിയേ ഇല്ല. ഇരുതീവ്രവാദിവിഭാഗങ്ങളെയും ഒറ്റപ്പെടുത്തി സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കുകയാണ് മതേതര ജനാധിപത്യ വിശ്വാസികളുടെ അടിയന്തര കടമ.

ആലപ്പുഴയിലും പാലക്കാട്ടും നടന്ന കൊലപാതകങ്ങളും സെക്കൻഡുകൾക്കകം നടന്ന തിരിച്ചടികളും വിരൽ ചൂണ്ടുന്നത്, ഇരുകൂട്ടരുടെയും തയ്യാറെടുപ്പുകളുടെയും ആസൂത്രണത്തിന്റെയും ആഴങ്ങളിലേയ്ക്കാണ്. ഇരയെ തീരുമാനിച്ച് തക്കം പാർത്തു നടക്കുന്നവരും സെക്കൻഡുകൾക്കകം തിരിച്ചടിച്ച് സ്വന്തം പ്രഹരശേഷിയിൽ ഉന്മാദം കൊള്ളുന്നവരും തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. പൈശാചികതയിലാണ് അവർ പരസ്പരം മത്സരിക്കുന്നത്. ഒന്ന് മറ്റേതിന്റെ മറുപുറം തന്നെയാണ്. അഥവാ, ഒന്നില്ലാതെ, മറ്റേതിന് നിലനിൽപ്പുമില്ല.

ഈ സാഹചര്യത്തിൽ മതനിരപേക്ഷ സമൂഹത്തിന്റെ കടമയെന്താണ്? ഇരുകൂട്ടരെയും ഒറ്റപ്പെടുത്തിക്കൊണ്ടല്ലാതെ നമുക്കൊരിഞ്ച് മുന്നോട്ടു പോകാനാവില്ല. വർഗീയ തീവ്രവാദത്തെ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ കള്ളിതിരിച്ചുള്ള വിശകലനങ്ങളിൽ കഴമ്പൊന്നുമില്ല. ആർഎസ്എസും എസ്ഡിപി ഐ-ജമാ അത്തെ ഇസ്‌ലാമി കക്ഷികളും ശ്രമിക്കുന്നത് യഥാക്രമം ഹിന്ദുവിനെയും മുസ്ലിമിനെയും വർഗീയവൽക്കരിക്കാനാണ്. കേരളത്തിൽ ഈ ശ്രമത്തിൽ ഇതുവരെ ഇരുകൂട്ടരും കാര്യമായി വിജയിച്ചിട്ടില്ല. അതിന് വർഗ്ഗീയ കലാപം തന്നെ വേണ്ടിവരും. ഇതിനുള്ള ഒരുക്കുകൂട്ടലിലാണ് അവർ. സമൂഹത്തിനാകെ ആപത്തായ ക്രിമിനലുകളായിത്തന്നെ ഇരുകൂട്ടരെയും നാം കാണണം.

ദൗർഭാഗ്യവശാൽ ഈ നിഷ്ഠൂരകൊലപാതകങ്ങളെ അപലപിക്കുന്നതിനും ഇത് ഇനി ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ശക്തിപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്നതിനേക്കാൾ യുഡിഎഫിന്റെ ശ്രമം കേരള സർക്കാരിനെ ഇകഴ്ത്തുന്നതിന് ഈ സന്ദർഭം എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ളതാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കരുത്താർജിച്ച സാഹോദര്യത്തിന്റെ അന്തരീക്ഷം വർഗീയശക്തികളിൽ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ആപത്ഘട്ടത്തിൽ ജാതിയും മതവും വിശ്വാസവുമൊന്നും രക്ഷയ്ക്കെത്തില്ലെന്ന് പ്രളയവും ഓഖിയുമൊക്കെ നമ്മെ പഠിപ്പിക്കുകയും ചെയ്തതാണ്. സാഹോദര്യത്തിന്റെ വലിയ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കേരളം ലോകത്തിന്റെ മുന്നിൽ അന്ന് തലയുയർത്തി നിന്നത്.

എല്ലാത്തരം പ്രകോപനങ്ങളെയും നാം കരുതിയിരിക്കണം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരു പറഞ്ഞ് ക്രിമിനൽ പ്രവർത്തനങ്ങൾക്കിറങ്ങുന്നവർ ന്യായീകരണത്തിനും ആളെക്കൂട്ടാനും എന്തുതരം പ്രചരണങ്ങളും നടത്തും. ഈ പ്രവർത്തങ്ങളുമായൊന്നും യാതൊരു ബന്ധവുമില്ലാത്തവരുടെ മനസിൽപ്പോലും അവിശ്വാസവും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാൻ. ഇതിനെതിരെ മഹാഭൂരിപക്ഷം വരുന്ന കേരളീയർക്ക് ഒറ്റക്കെട്ടായി അണിനിരക്കാനാവണം.