ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

single-img
18 April 2022

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍. കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതിൽ ഒരാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ്.

കൊലപാതകം നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും പ്രതികളെ പിടിക്കാന്‍ വൈകുന്നുവെന്ന് പോലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രണ്ടുപേര്‍ പിടിയിലായിരിക്കുന്നത്. അതേസമയം, അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

നിലവിൽ പിഎഫ്ഐ പ്രവർത്തകനായ സുബൈര്‍ വധക്കേസില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ലയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകുന്നേരം മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക.