കേന്ദ്ര പിന്തുണ ഉണ്ടായാൽ ‘ഒരു രാജ്യം ഒരു ഭാഷ’ നയം നടപ്പിലാക്കാന്‍ സാധിക്കും: എപി അബ്ദുള്ളക്കുട്ടി

single-img
16 April 2022

കേന്ദ്രസര്‍ക്കാരിന്റെ ചെറിയ രീതിയിലുള്ള പിന്തുണയുണ്ടെങ്കില്‍ തന്നെ ‘ഒരു രാജ്യം ഒരു നികുതി’ എന്ന പോലെ ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന നയവും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കൂട്ടി. ബോളിവുഡ് സിനിമകള്‍ കാണുന്നതുകൊണ്ടും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതുകൊണ്ടും കേളത്തിലേയും തമിഴ്‌നാട്ടിലേയും പുതിയ തലമുറ മെച്ചപ്പെട്ട ഹിന്ദിയാണ് സംസാരിക്കുന്നതെന്നും ഏകഭാഷാ നയം കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

ഇപ്പോൾ യുഎഇയിലും അമേരിക്കയിലും ആളുകള്‍ ഹിന്ദി സിനിമ കാണുന്നവരാണെന്നും അവര്‍ക്ക് ഹിന്ദി മനസിലാവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ‘ഇന്ന് ഹിന്ദി എന്നത് കേവലം ഇന്ത്യയിലെ ഒരു ഭാഷ മാത്രമല്ല, അതൊരു അന്താരാഷ്ട്ര ഭാഷ എന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും പ്രാദേശിക ഭാഷകള്‍ക്ക് എതിരല്ല.

രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഈ കാര്യം വിശദമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. നീറ്റ് (NEET) ക്യാറ്റ് (CAT) പോലുള്ള പരീക്ഷകളും പ്രാദേശികഭാഷയില്‍ തന്നെ സംഘടിപ്പിക്കുന്നുണ്ട്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.