മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു: ഇളയരാജ

single-img
16 April 2022

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി ആർ അംബേദ്കറും തമ്മിൽ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ. ബ്ലൂ കാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘അംബേദ്കർ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്റേഷൻ’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.

നമ്മുടെ രാജ്യത്തെ സമൂഹത്തിൽ അധഃസ്ഥിതവിഭാഗങ്ങളിൽ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമർത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാൻ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു. മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന മുത്തലാഖ് നിരോധനം, സ്ത്രീകൾക്കും കുട്ടികൾക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികൾ വഴി അംബേദ്കർക്ക് മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ പറഞ്ഞു.

അതേസമയം, മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്തതിൽ ഇളയരാജക്കെതിരെ വിമർശനവുമായി ഡി.എം.കെ രംഗത്തെത്തി. അംബേദ്കർ വർണവിവേചനവും മനുധർമവും അടിച്ചമർത്തിയ ദളിതരുടെ ജീവിതത്തിന് വേണ്ടി പോരാടിയിരുന്നുവെങ്കിൽ മോദി മനുധർമത്തിന്റെ വക്താവാണെന്നും ഡി.എം.കെ ആരോപിച്ചു.