പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് അമേരിക്കയുടെ അഭിനന്ദനം

single-img
14 April 2022

പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക. പാകിസ്ഥാനിൽ അധികാരമേറ്റ പുതിയ സർക്കാരുമായി തുടർന്നും സഹകരിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്താനുമായുള്ള ഊഷ്മള ബന്ധത്തെ അമേരിക്ക വിലമതിക്കുന്നു. വളരെയധികം ശക്തവും സമൃദ്ധവും ജനാധിപത്യപരവുമായ പാകിസ്താൻ ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം, പുതുതായി അധികാരമേറ്റ ഷഹബാസ് ഷരീഫ് പ്രതിസന്ധികളിൽ നട്ടം തിരിയുന്ന രാജ്യത്ത് സമൂല പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായി സൂചന നൽകിയിരുന്നു. ജീവനക്കാർക്കു മുൻപേ ഓഫിസിലെത്തിയ പ്രധാനമന്ത്രി, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിസമയം 10നു തുടങ്ങുന്നതിന് പകരം 2 മണിക്കൂർ മുൻപേയാക്കുകയാണെന്ന് പ്രഖ്യാപിച്ചു. നിലവിലുള്ള അവധി സമ്പ്രദായവും പുതിയ പ്രധാനമന്ത്രി പുതുക്കി നിശ്ചയിച്ചു. ആഴ്ചയിൽ 2 ദിവസത്തെ അവധി ഇനി മുതൽ ഞായർ മാത്രമാക്കി ചുരുക്കി.