കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നു; ഉക്രൈനിൽനിന്നുള്ള സ്ത്രീകൾക്ക് യുകെയിലെ അവിവാഹിതരായ പുരുഷന്മാർ അഭയം നൽകുന്നത് നിർത്തണമെന്ന് യുഎൻ

single-img
14 April 2022

റഷ്യൻ സേനയുടെ ആക്രമണം തുടരുന്ന ഉക്രൈനിൽനിന്നുള്ള സ്ത്രീകൾക്ക് ബ്രിട്ടനിലെ അവിവാഹിതരായ പുരുഷന്മാർ അഭയം നൽകുന്നത് നിർത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജൻസി(യു.എൻ.എച്ച്.സി.ആർ).

ഈ രീതിയിൽ അഭയം തേടുന്ന സ്ത്രീകളെ കിടക്ക പങ്കിടാൻ സ്‌പോൺസർമാർ നിർബന്ധിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നിർദേശം. ബ്രിട്ടനിലെ ഹോം ഫോർ ഉക്രൈൻ പദ്ധതി പ്രകാരം അധിക റൂമുള്ള പൗരന്മാർക്ക് ആറു മാസത്തേക്ക് ഉക്രൈൻ പൗരന്മാർക്ക് അഭയം നൽകാനാകും. എന്നാൽ മാർച്ച് 18 ന് തുടങ്ങി ഒന്നര ലക്ഷം പേർ ഒപ്പുവെച്ച പദ്ധതിയിൽ സ്ത്രീകൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പരാതികൾ തെളിയിക്കുന്നത്.

ചില പുരുഷന്മാർ ഉക്രൈൻ അഭയാർഥികളായെത്തിയ സ്ത്രീകളെ കിടക്ക പങ്കിടാൻ നിർബന്ധിച്ചതായി കഴിഞ്ഞ ആഴ്ച ദി ടൈംസ് നടത്തിയ അന്വേഷണം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ ഉക്രൈൻ അഭയാർഥികൾക്ക് വീടുകൾ കിട്ടാതാകുമെന്ന് ലോക്കൽ ഗവൺമെൻറ് അസോസിയേഷൻ ചെയർമാൻ ജെയിംസ് ജാമിയേസൺ മുന്നറിയിപ്പ് നൽകിയിരുന്നു.