വീണ്ടും കോവിഡ് ഭീതിയിൽ ഡൽഹി; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

single-img
14 April 2022

ചെറിയ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ വീണ്ടും കൂടുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 50 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ സർക്കാർ നടപടി. സ്‌കൂളുകളിൽ വിദ്യാർത്ഥികളടക്കമുള്ളവർക്ക് കഴിഞ്ഞ കുറച്ചു ദിവസമായി കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ സ്‌കൂളുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സ്‌കൂളിൽ വരുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂടുതൽ വിദ്യാർത്ഥികൾക്ക് രോഗം കണ്ടെത്തിയാൽ സ്‌കൂൾ അടച്ചിടണമെന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു

കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിൽ 299 പേർക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ഇത് 202 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി കൂടിയതായി ഡൽഹി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 13നാണ് അടുത്തിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് ഡൽഹിയിൽ രേഖപ്പെടുത്തിയത്. അന്ന് 28,867 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.