റോഡില്‍ കുഴഞ്ഞു വീണ മുസ്തഫയ്ക്ക് ദാരുണാന്ത്യം; ആശുപ്രതിയിൽ എത്തിച്ച സുരഭിലക്ഷ്മിയുടെ ശ്രമം പാഴായി

single-img
14 April 2022

വീട്ടിൽ നിന്നും ഇറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടി ഇറങ്ങവേ റോഡില്‍ കുഴഞ്ഞു വീണ മുസ്തഫയ്ക്ക് ദാരുണാന്ത്യം. മുസ്തഫയെ ശരിയായ സമയം ആശുപത്രിയിലെത്തിക്കാന്‍ നടി സുരഭി ലക്ഷ്മിക്കു കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മുസ്തഫ അന്ത്യശ്വാസം വലിച്ചു. കഴിഞ്ഞ ദിവസം രാത്രി റോഡില്‍ ജീപ്പ് ഓടിക്കവേ കുഴഞ്ഞു വീണ പട്ടാമ്പി സ്വദേശിയായ മുസ്തഫയെ ആരും സഹായിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ ഇല്ലാതെ റോഡില്‍ നില്‍ക്കുമ്പോള്‍ ആ സമയത്തു ഒരു ഇഫ്താര്‍ സംഗമം കഴിഞ്ഞു അത് വഴി പോയ നടി സുരഭി ലക്ഷ്മിയാണ് ആശുപത്രിയില്‍ എത്തിച്ചത് .

മാനസിക വെല്ലുവിളി നേരിടുന്ന മുസ്തഫയുടെ ഭാര്യ കുഞ്ഞിനെയും കൊണ്ട് പുറത്തു പോയ ശേഷം ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മുസ്തഫ ഇവരെ തേടി ഇറങ്ങിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നും മാനസിക വെല്ലുവിളി നേരിടുന്ന മുസ്തഫയുടെ ഭാര്യ കുഞ്ഞിനെയും കൊണ്ട് പുറത്തു പോവുകയായിരുന്നു. എന്നാലിവര്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല.

തുടര്‍ന്ന് ഭര്‍ത്താവ് മുസ്തഫ ഇളയ കുഞ്ഞിനെയും കൂട്ടി ജീപ്പില്‍ ടൗണില്‍ അന്വേഷിച്ചിറങ്ങി. രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. എന്നാല്‍ ഇരുട്ടും വരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. സംസാരത്തില്‍ അസ്വഭാവികത തോന്നിയതോടെ ഇരുവര്‍ക്കും ഭക്ഷണം നല്‍കി സ്റ്റേഷനില്‍ ഇരുത്തി.

യുവതിയുടെ പക്കല്‍ നിന്നും ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു. മുസ്തഫയോടു കാര്യം പറഞ്ഞു കഴിയുമ്പോഴേക്കും ഫോണ്‍ ഓഫായി. പിന്നീട് ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി മുസ്തഫ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ പുറപ്പെട്ടു. രാത്രി 10 മണിയോടെ തൊണ്ടയാട് മേല്‍പ്പാലത്തിന് താഴെയെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞു വീണു.

ഒപ്പമുള്ള കൂട്ടുകാര്‍ക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു. റോഡില്‍ ഒട്ടേറെ വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഇതിനിടെയാണ് സുരഭി ലക്ഷ്മി കാറില്‍ ഈ വഴി പോയത്. വാഹനം നിര്‍ത്തി സുരഭി കാര്യം അന്വേഷിച്ചു. രോഗാവസ്ഥ അറിഞ്ഞ് മുസ്തഫയെ ആശുപത്രിയില്‍ സ്വന്തം കാറില്‍ എത്തിച്ച കാര്യം സുരഭി പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷപ്പടുത്താനായില്ല. ഇളയ കുഞ്ഞിനെയും കൂട്ടി മുസ്തഫയുടെ ഭാര്യ അഭയം തേടിയ പൊലീസ് സ്റ്റേഷനിലേക്ക് പോയി. കുഞ്ഞിനെ സ്റ്റേഷനിലുള്ള അമ്മ തിരിച്ചറിയുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും മുസ്തഫ വിടപറഞ്ഞിരുന്നു