നാപ്ടോൾ ഷോപ്പിംഗ് ഓൺലൈൻ, സെൻസോഡൈൻ ടൂത്ത് പേസ്റ്റ് പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം; ചാനലുകളോട് കേന്ദ്രസർക്കാർ

single-img
13 April 2022

നാപ്ടോൾ ഷോപ്പിംഗ് ഓൺലൈൻ, സെൻസോഡൈൻ ടൂത്ത് പേസ്റ്റ് എന്നിവയുടെ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം രാജ്യത്തെ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ടു. നേരത്തെ കേന്ദ്ര ഉപഭോക്തൃ പ്രൊട്ടക്ഷൻ അതോറിറ്റിയും ഫെബ്രുവരിയിൽ ഈ രണ്ട് പരസ്യങ്ങളും പിൻവലിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയതിന്റെ ഉത്തരവ് പ്രകാരം, സെൻസോഡൈൻ പരസ്യത്തിൽ രാജ്യത്തിന് പുറത്ത് പരിശീലനം നടത്തുന്ന ഡോക്ടർ പ്രത്യക്ഷപ്പെട്ടുവെന്നാണ് സിസിപിഎ കണ്ടെത്തിയത്. ഇങ്ങിനെ വരുന്നത് ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 സെക്ഷന്‍ രണ്ട് (28) ന്റെ ലംഘനമാണ്. ഈ കാരണത്താലാണ് സെന്‍സൊഡൈന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് സിസിപിഎ നിർദ്ദേശം നൽകിയത്.

അതേസമയം, അന്യായമായ കച്ചവട രീതികൾക്കെതിരെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനുമാണ് നാപ്ടോളിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇവർക്കെതിരെ പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2021 ജൂൺ മുതൽ ഈ വർഷം ജനുവരി 25വരെ നാപ്ടോളിനെതിരെ 399 പരാതികൾ രജിസ്റ്റർ ചെയ്തതായി ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ ഡാറ്റ സൂചിപ്പിക്കുന്നു. നിലവിൽ നാപ്ടോളിനെതിരെ സിസിപിഎ സ്വമേധയായാണ് കേസെടുത്തിരിക്കുന്നത്.