രാമനവമി മാംസാഹാര നിരോധനത്തിനിടെ കേന്ദ്ര മന്ത്രിയുടെ വീട്ടിൽ വിഭവ സമൃദ്ധമായ മാംസാഹാരങ്ങളോടുകൂടിയ വിരുന്ന്

single-img
12 April 2022

രാമനവമി കാലത്ത് മാംസാഹാര നിരോധനം വാര്ത്തകളില് ഇടം നേടവേ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുടെ വീട്ടിലെ വിരുന്നില്‍ മാംസാഹരം വിളമ്പിയെന്ന ആരോപണവുമായി സൈബര്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഈ മാസം ആറിന് കിഷന്‍ റെഡ്ഡി തന്റെ വസതിയില്‍ നടന്ന സല്‍ക്കാരത്തില്‍ ആട്ടിറച്ചി, കൊഞ്ച്, ചിക്കന്‍ എന്നിവ വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി, ചിത്രങ്ങളുമായി ആദിത്യ ഗോസ്വാമി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്തെത്തുകയായിരുന്നു .

ഇത് സത്യമാണെന്നു വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാമാനവമിയിൽ മാംസാഹാര നിരോധനം നടപ്പാക്കാന്‍ ഡല്‍ഹിയിലെ ബിജെപി മേയര്‍മാര്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും ബിജെപി നേതാവുമായ മുകേഷ് സൂര്യന്‍, ഏപ്രില്‍ അഞ്ച് ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 11 വരെ ഇറച്ചി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ ഡല്‍ഹി മേയര്‍ ശ്യാം സുന്ദര്‍ അഗര്‍വാള്‍ ഇതിനെ പിന്തുണച്ച് കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.