ദിലീപ് നടത്തുന്ന ചരടുവലികള്‍ അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു: ബിഎ ആളൂര്‍

single-img
12 April 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ ബി.എ. ആളൂര്‍. കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ തെളിവ് നശിപ്പിക്കലോ സാക്ഷികളെ സ്വാധീനിക്കലോ ചെയ്താല്‍ ജാമ്യം റദ്ദാക്കാനുള്ള അവകാശം കീഴ്‌ക്കോടതിക്ക് നല്‍കി കൊണ്ടായിരിക്കണം ഹൈക്കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുക.

അങ്ങനെയുള്ളപ്പോൾ കീഴ്‌ക്കോടതിയിലാണ് ആദ്യം അപേക്ഷ നല്‍കേണ്ടത്. പെട്ടെന്ന് ഒരു അപേക്ഷ കൊടുത്തത് കൊണ്ട് ജാമ്യം റദ്ദാക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാഹചര്യങ്ങളും നോക്കി, അത് പ്രോസിക്യൂഷന് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടും. സാഹചര്യങ്ങള്‍ പ്രതിക്ക് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കുക എന്ന നടപടികളിലേക്ക് കോടതി കടക്കില്ല. കൂടുതല്‍ നിബന്ധനകള്‍ വെച്ച് കൊണ്ട് ജാമ്യം നീട്ടി കൊടുക്കാനും കോടതിക്ക് സാധിക്കും- അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ കേസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സായ് ശങ്കര്‍. സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പല സാക്ഷികളെയും ചോദ്യം ചെയ്യും. ഇവര്‍ കൂറ് മാറാതിരിക്കാനും തെളിവുകള്‍ പുറത്തുകൊണ്ടുവരാനും ദിലീപിനെ ജയിലില്‍ അടച്ച് വിചാരണക്കോടതി തടവുകാരനാക്കുന്നത് അത്യാവശ്യമാണെന്ന് പറഞ്ഞ്, കോടതിയില്‍ പ്രോസിക്യൂഷനോ അനേഷണസംഘമോ അപേക്ഷ നല്‍കിയാലും ജാമ്യം റദ്ദാക്കപ്പെടും,’ ബി എ ആളൂര്‍ പറഞ്ഞു.