ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഹാഫ് കൈ ഷർട്ടും; പെൺകുട്ടികൾക്ക് ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടും; ലക്ഷദ്വീപിലെ യൂണിഫോം പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം

single-img
12 April 2022

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാനുള്ള തീരുമാനവുമായി ദ്വീപ് ഭരണകൂടം. വരുന്ന അധ്യയന വര്‍ഷം നടപ്പില്‍ വരുന്ന യൂണിഫോം പരിഷ്‌കരണത്തിനായി ദ്വീപ് ഭരണകൂടം ടെന്‍ഡര്‍ വിളിച്ചു. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ട്രൗസറും ഹാഫ് കൈ ഷര്‍ട്ടുമാണ് പുതിയ യൂണിഫോം. ആറുമുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഹാഫ് കൈ ഷര്‍ട്ടുമാണ് പുതിയ നിര്‍ദ്ദേശത്തിലുള്ളത്.

ഇതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെ ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടുമാണ് പരിഷ്‌കാരത്തിലുള്ളത്. ഏകദേശം പതിമൂവായിരം വിദ്യാര്‍ത്ഥികളുള്ള ദ്വീപില്‍ ആറായിരത്തിലേറെയും പെണ്‍കുട്ടികളാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോമിന്റെ ഭാഗമായി ടൈയ്യും ബെല്‍റ്റും കൂടി വരുന്ന രീതിയിലാണ് പരിഷ്‌കരണം.

ഇപ്പോൾ ഉപയോഗിക്കുന്ന യൂണിഫോമിന്റെ നിറത്തിലും മാറ്റമുണ്ട്. വെള്ളയും നീലയുമായിരുന്ന യൂണിഫോം പരിഷ്‌കരണത്തോടെ ആകാശ നീലയും കടും നീലയുമായി മാറും. നിലയിൽ യൂണിഫോമിലെ നീക്കത്തിനെതിരെ എസ്‌കെഎസ്എസ്എഫും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദ്വീപിലെ സംസ്‌കാരത്തിന് മേലുള്ള ആക്രമണമെന്ന് ചൂണ്ടിക്കാട്ടി എസ്‌കെഎസ്എസ്എഫ് പ്രതിഷേധം ഉയർത്തി.

സ്‌കൂൾ യൂണിഫോമിലെ പരിഷ്‌കരണം ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ദ്വീപിലെ 96 ശതമാനത്തിലധികം വരുന്ന ജനതയുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ വംശീയതയുടെ ഭാഗമാണെന്നും സംസ്ഥാന സെക്രട്ടറി പി ജമീല വിമര്‍ശിച്ചു.