കെ സ്വിഫ്റ്റ് അപകടത്തില്‍ ദുരൂഹത; സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കും: മന്ത്രി ആന്റണി രാജു

single-img
12 April 2022

ആദ്യ യാത്രയിലെ കെഎസ്ആര്‍ടിയുടെ കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് മന്ത്രി ആന്റണി രാജു. അപകടം മനഃപൂർവം സംഭവിച്ചതാണ് എന്നതാണ് സംശയമുള്ളത്. സംഭവത്തിൽ സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കും. അപകടത്തിന്മേൽ വിശദമായ അന്വേഷണം നടത്തുമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.

വളരെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെ സ്വിഫ്റ്റ് സര്‍വീസുകള്‍ കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിനെ തുടർന്ന് ആരംഭിച്ച സര്‍വീസുകളില്‍ മൂന്ന് തവണയായിരുന്നു ബസുകള്‍ അപകടത്തില്‍ പെട്ടത്. യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ പരിക്കുകള്‍ ഇല്ലെങ്കിലും വന്‍ സാമ്പത്തിക ബാധ്യതയാണ് അപകടങ്ങള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഒരു വശത്തെ കണ്ണാടി പൊട്ടിയതോടെ സാധാരണ കെഎസ്ആര്‍ടിസിയുടെ മറ്റൊരു കണ്ണാടി ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. പിന്നാലെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായി ഉരസി ബസിന്റെ സൈഡ് ഇന്‍ഡിക്കേറ്ററിനും കേടുപാടുണ്ടായിരുന്നു. മലപ്പുറം ചങ്കുവെട്ടിയില്‍ വച്ചും ബസ് അപകടത്തില്‍ പെട്ടിരുന്നു.