നോമ്പിന്‍റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല: കെടി ജലീൽ

single-img
12 April 2022

അഴീക്കോട് സ്‌കൂളിൽ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ മുൻ എംഎൽഎയായ കെഎം ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി ഇന്ന് കണ്ടുകെട്ടിയിരുന്നു. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് പ്രതികരണവുമായി മുന്‍ മന്ത്രിയായ കെടി ജലീല്‍ രംഗത്തെത്തി.

സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് പോസ്റ്റിലാണ് തനിക്കെതിരെ മുന്‍പ് കെഎം ഷാജി ഉയര്‍ത്തിയ വിമര്‍ശനം ഉന്നയിച്ച് കെടി ജലീല്‍ പ്രതികരണം നടത്തിയത്. വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്‍റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല എന്ന് കെടി ജലീൽ പറയുന്നു.

ഫേസബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

വിശുദ്ധ ഖുർആന്‍റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എൻ്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.

സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.

വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്‍റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. “നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക” എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.