കോഴ വിവാദം; കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 25 ലക്ഷത്തിൻ്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

single-img
12 April 2022

അഴീക്കോട് മുൻ എംഎൽഎയായ കെഎം ഷാജിയുടെ സ്വത്ത് കോഴവിവാദത്തിൽ കണ്ടുകെട്ടി ഇഡി. അഴീക്കോട് സ്‌കൂളിലെ കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയത്. കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള കോഴിക്കോട് വേങ്ങേരി വില്ലേജിലെ 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്.

ഇവരുടെ സ്വത്ത് കണ്ടുകെട്ടിയ കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇഡി അറിയിച്ചിട്ടുണ്ട്. കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടന്നുവരികയായിരുന്നു. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആക്ഷേപത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്.

ഇത് പതിയെ ആഡംബര വീട്ടിലേക്കും നികുതിവെട്ടിപ്പിലേക്കുമെത്തി. വയനാട്ടിലും കണ്ണൂരിലും കോഴിക്കോട്ടുമായി തന്റെ പേരിലുള്ള സ്വത്തെല്ലാം വാങ്ങിയത് ഷാജിയെന്നാണ് ഭാര്യ ആശ നല്‍കിയ മൊഴി.