വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്ന് ക്രൈം ബ്രാഞ്ച്; ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നീക്കം ആരംഭിച്ചു

single-img
12 April 2022

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച്ചോ ദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇക്കാര്യത്തിൽ തുടർ നടപടികളുടെ കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.

തന്നെ ആലുവയിലെ പദ്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ നിലപാട്.
അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി.

കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയ ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹ‍ർജി നൽകി. കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. കേസിന്റെ വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്‍റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടൽ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോൾ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്.