ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്‌നമാണ് ഉന്നയിക്കുക; ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ

single-img
11 April 2022

ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ഈ രാജ്യത്ത് ബിജെപി എന്ത് പ്രശ്‌നമാണ് ഉന്നയിക്കുകയെന്ന് താക്കറെ ചോദിച്ചു. മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് സീറ്റില്‍ ഈ മാസം 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ (എംവിഎ) സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ വെര്‍ച്വല്‍ ക്യാമ്പയിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് രാമനവമിയാണ്. ആ കാലത്തിൽ ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി നമ്മുടെ രാഷ്ട്രീയത്തില്‍ എന്ത് പ്രശ്‌നമാണ് ഉന്നയിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അതുകൊണ്ടുതന്നെ അവര്‍ രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്‌നങ്ങളെ മുന്‍നിരയില്‍ തന്നെ നിര്‍ത്തുന്നു.’ താക്കറെ പറഞ്ഞു.

‘ശിവസേനയാവട്ടെ ഇപ്പോൾ ഹിന്ദുത്വം ഉപേക്ഷിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അങ്ങിനെ പറയുന്നത് ശരിയല്ല, ഞങ്ങള്‍ ബിജെപിയാണ് വിട്ടത്.ഹിന്ദുത്വത്തിന്റെ പേറ്റന്റ് ബിജെപിയുടെ കൈയില്‍ അല്ല. ബിജെപി ഹിന്ദുത്വ അല്ല അര്‍ത്ഥമാക്കുന്നത്. വ്യാജ ഹിന്ദുത്വ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ല. അന്തരിച്ച ശിവസേന അധ്യക്ഷന്‍ ബാലാസാഹേബ് താക്കറെയും, ഛത്രപതി ശിവാജി മഹാരാജുമാണ് യഥാര്‍ഥ ഹിന്ദുയിസത്തിന്റെ വക്താക്കൾ”- താക്കറെ പറഞ്ഞു.