കോൺഗ്രസ് ആദ്യം സ്വന്തം കുടുംബം നേരെയാക്കട്ടെ; രാഹുൽ ഗാന്ധിയോട് മായാവതി

single-img
11 April 2022

സ്വന്തം കുടുംബത്തിലെ കാര്യം ആദ്യം നേരെയാക്കിയിട്ട് ബിഎസ്പിയുടെ കാര്യത്തിൽ ഇടപെട്ടാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ബിഎസ്പി അധ്യക്ഷ മായാവതി. യുപി നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാനുള്ള നിർദേശം തള്ളിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോടാണ് മായാവതി ഇത്തരത്തിൽ പ്രതികരണം നടത്തിയത്.

ഇതുപോലെയുള്ള പരാമർശങ്ങൾ നടത്തുന്നതിന് മുൻപ് കോൺഗ്രസ് നൂറ് പ്രാവശ്യം ചിന്തിക്കുന്നത് നല്ലതാണ്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസിന് വിജയിക്കാനായില്ല. എന്നാൽ പോലും ബിഎസ്പിക്കെതിരെ യുപിയിൽ അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിന് പുറത്തായ ശേഷവും ഒന്നും ചെയ്യാൻ കോൺഗ്രസിനായില്ലെന്ന് മായാവതി തന്റെ സംഭാഷണത്തിൽ കുറ്റപ്പെടുത്തി.

നേരത്തെ അധികാരത്തിൽ തുടർന്നപ്പോഴും പിന്നീട് അധികാരം നഷ്ടമായപ്പോഴും കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി പോലും തന്റെ ബഹുജൻ സമാജ് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും അവർ ആരോപിച്ചു.