മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം; എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു

single-img
11 April 2022

ജെഎൻയുവിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് കേസെടുത്തത്.

സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥി യൂണിയൻ. ഇന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.

എബിവിപി പ്രവർത്തകരുടെ കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ഉണ്ടായത്. അക്രമത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. എന്നാൽ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു.