ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്; കോൺഗ്രസിനുള്ളത് മതനിരപേക്ഷ പാർട്ടി എന്ന പേര്മാത്രം: സീതാറാം യെച്ചൂരി

single-img
10 April 2022

കേന്ദ്ര സർക്കാർ രാജ്യമാകെ വർഗീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർഎസ്എസിന്റെ വർഗീയ അജണ്ടയാണ് ബിജെപി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ബിജെപിയുടെ അജണ്ടയെ എതിർക്കാൻ കഴിയുക ഇടതു പക്ഷത്തിന് മാത്രമാണെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിക്കെതിരെ രാജ്യത്ത് ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി എല്ലാ മതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിക്കും. ഹിന്ദുത്വ ശക്തിയെ എതിർക്കാൻ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കാൻ സിപിഎം മുൻകൈയ്യെടുക്കും. ഇവിടെ ബിജെപിയും ആർഎസ്എസും നയിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെ എതിർക്കുക എന്നതാണ് സിപിഐഎമ്മിൻ്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഇടതു പക്ഷത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുകയെന്നതാണ് പ്രധാന അജണ്ട. തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെയും സീതാറാം യെച്ചൂരി വിമർശിച്ചു. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ സെമിനാറിന് പങ്കെടുക്കാൻ വിളിച്ചാൽ പോലും കോൺഗ്രസുകാർ എത്തുന്നില്ല. പകരം സെമിനാറിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടി എടുക്കുന്നു. പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു ‌നിൽക്കാതെ എങ്ങനെയാണ് ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കുന്നത്. കോൺഗ്രസിന് മതനിരപേക്ഷ പാർട്ടി എന്ന പേര് മാത്രമാണ് ഉള്ളതെന്നും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നുവെന്ന് കോൺ​ഗ്രസ് ആലോചിക്കണമെന്നും യെച്ചൂരി പറഞ്ഞു