സംസ്ഥാനത്തെ സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

single-img
10 April 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകും. സിൽവർ ലൈൻ നടപ്പിലാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ ഉണ്ടാവുമെന്നും കോടിയേരി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി സ്വകാര്യമേഖലയിലെങ്കില്‍ വിമര്‍ശകര്‍ അനുകൂലിച്ചേനെ . ഇപ്പോൾ കോണ്‍ഗ്രസില്‍നിന്നുതന്നെയുള്ള പിന്തുണയ്ക്ക് തെളിവാണ് കെവി തോമസ് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമന്നതായും കോടിയേരി കൂട്ടിച്ചേർത്തു.

സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. ശത്രു വര്‍ഗം സംഘടിതമായി സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. കേരളവും ബംഗാളും രണ്ട് തട്ടിലാണെന്ന് പറഞ്ഞു. പക്ഷെ എവിടെയാണ് രണ്ട് തട്ട്. സിപിഎമ്മില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മില്‍ ഭിന്നതയില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്.- കോടിയേരി കൂട്ടിച്ചേര്‍ത്തു.