നാളെ ഹാജരാകില്ല; കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ച വീട്ടില്‍വച്ച്

single-img
10 April 2022

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ബുധനാഴ്ച ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. തനിക്ക് ഹാജരാകാൻ മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നായിരുന്നു കാവ്യയുടെ ആവശ്യം.

കഴിഞ്ഞ ദിവസങ്ങളിൽ ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം അറിയിച്ചത്. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്.

കാവ്യ മാധവൻ തന്റെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും സുരാജ് പറഞ്ഞിരുന്നു. അതേസമയം, കേസിന്റെ ഫോക്കസ് ദിലീപിൽ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.