സിൽവർ ലൈൻ: അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്

single-img
9 April 2022

സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതാണിത്.

സിൽവർ ലൈൻ പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്ന് വിനയ ത്രിപാഠി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെന്നും ബോര്‍ഡ് ചെയര്‍മാന്‍.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സില്‍വര്‍ ലൈന്‍ സര്‍വേയുടെ പേരില്‍ റെയില്‍വേ കല്ലിടാന്‍ പാടില്ലെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നതാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.