തന്റെ സര്‍ക്കാരിനെ വിദേശ ശക്തികള്‍ അട്ടമറിക്കുന്നു; ‘ഇറക്കുമതി’ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാൻ ശ്രമം: ഇമ്രാൻ ഖാൻ

single-img
9 April 2022

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ള ‘ഇറക്കുമതി’ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാർലമെന്റിൽ അവിശ്വാസപ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തന്റെ സര്‍ക്കാരിനെ വിദേശ ശക്തികള്‍ അട്ടമറിക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്.

ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയാല്‍ പാക്കിസ്താനില്‍ വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരായിരിക്കും ഉണ്ടാവുകയെന്നും പിന്നില്‍ വിദേശശക്തികളാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താനിലെ നിയമജ്ഞരാവട്ടെ ചെമ്മരിയാകളെ പോലെ വിദേശ ശക്തികളുടെ പിറകെപോകുകയാണെന്നും ഇവരില്‍ പലരും അമേരിക്കൻ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ടെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു.

അമേരിക്കയുടെ ഈ നീക്കത്തിന് പിന്നിലെ മുഴുവന്‍ പദ്ധതികളും വ്യക്തമായി അറിയേണ്ടതുണ്ടെന്ന് ഇമ്രാന്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ഇതുപോലെയുള്ള നീക്കങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്നും ഇമ്രാന്‍ഖാന്‍ അറിയിച്ചു.