ഇന്ത്യയുടെ വൈവിധ്യത്തെ തുരങ്കം വയ്ക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം: എംകെ സ്റ്റാലിൻ

single-img
8 April 2022

സംസ്ഥാനങ്ങൾ തമ്മിൽ ആശയവിനിമയത്തിനായി ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്‍റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബിജെപി ആവർത്തിക്കുകയാണ്. പക്ഷേ അവർക്കിതിൽ വിജയിക്കാനാകില്ലെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയയിലെ ട്വീറ്ററിലൂടെ പറഞ്ഞു. അതേസമയം, ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

മാത്രമല്ല, ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഔദ്യോ​ഗിക ഭാഷയിലായിരിക്കണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.