സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ല; റെയില്‍വേ ഭൂമിയില്‍ കല്ലിടരുത്; ഹൈക്കോടതിയിൽ കേന്ദ്രസര്‍ക്കാര്‍

single-img
8 April 2022

കേരളത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ കേരളാ ഹൈക്കോടതിയിലാണ് വിവരം അറിയിച്ചത്. പദ്ധതിക്ക് ഇതുവരെ സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

മാത്രമല്ല, സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നിലവിൽ സര്‍വേ നടക്കുന്ന ഭൂമിയ്ക്ക് വായ്പ ലഭ്യമാകുന്നതില്‍ പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. കെ റെയില്‍ കല്ലിടലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി വേനലവധിയ്ക്ക് ശേഷം പരിഗണിക്കും.

പദ്ധതിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തെ വ്യക്തത തേടിയിരുന്നു.നാല് കാര്യങ്ങളില്‍ വ്യക്തത വേണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ, സര്‍വ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സര്‍വ്വേസ് ആന്റ് ബൗണ്ടറീസ് ആക്ടില്‍ വ്യക്തമാക്കിയ അളവിലുള്ളതാണോ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.