സിപിഎം പാര്‍ട്ടി കോൺഗ്രസ്; കരട് രാഷ്ട്രീയ പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും

single-img
8 April 2022

കണ്ണൂരിൽ നടക്കുന്ന സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ഇന്ന് അവസാനിക്കും. ദേശീയ തലത്തിൽ കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളാകും അംഗങ്ങള്‍ ഇന്നും പ്രധാനമായും ഉന്നയിക്കുക.

വിഷയത്തിൽ കേരളത്തിൽ നിന്നുള്ള ഘടകത്തിന്റെ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ഇന്നും സമ്മേളനത്തെ അറിയിക്കും. രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടില്‍ 4001 ഭേദഗതി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതും പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കും. ബിജെപി വിരുദ്ധ ബദലില്‍ തീരുമാനം എടുക്കും.

അതേസമയം, കേരള മാതൃക കരട് പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര, ത്രിപുര, ബിഹാര്‍, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, അസ്സാം, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളിലുള്ള ഓരോ പ്രതിനിധികള്‍ ഇതിനകം ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള ഘടകത്തിനായി മന്ത്രി പി രാജീവാണ് സംസാരിച്ചത്. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയുള്ള ഉള്ള വിശാല മതേതര ജനാധിപത്യ സഖ്യത്തെ രാജീവ് എതിര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഘടനാപരമായി തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനുള്ള ശക്തി ഇല്ലെന്നും കോണ്‍ഗ്രസിന് പിന്നാലെ പോയി സമയം പാഴാക്കരുതെന്നും കേരള ഘടകം നിര്‍ദ്ദേശിച്ചു. എന്നാൽ, ബംഗാള്‍ ഘടകം കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തുന്നതിനോട് യോജിച്ചില്ല. നന്ദിഗ്രാമും സിംഗൂരും ചൂണ്ടിക്കാട്ടി സില്‍വര്‍ലൈന്‍ പദ്ധതിയിലെ ആശങ്കയും ബംഗാള്‍ ഘടകം ഉന്നയിച്ചു.