ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല; ബിജെപി സാംസ്‌കാരിക തീവ്രവാദം അഴിച്ചുവിടുന്നു: സിദ്ധരാമയ്യ

single-img
8 April 2022

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും ബിജെപി ‘സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.രാജ്യത്തെ പല സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുത് എന്നുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഒരു കന്നഡിഗ എന്ന നിലയില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അങ്ങനെയാകാൻ ഞങ്ങള്‍ ഒരിക്കലും സമ്മതിക്കുകയുമില്ല,’ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

‘ഇന്ത്യ എഗെയ്ന്‍സ്റ്റ് ഹിന്ദി ഇംപോസിഷന്‍’ (IndiaAgainstHindiImposition) എന്ന ഹാഷ് ടാഗിനൊപ്പമാണ് സിദ്ധരാമയ്യ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഭാഷകളുടെ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനമെന്നും പരസ്പരം വികാരങ്ങളെ മാനിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും ഈ
ബഹുസ്വരതയാണ് ഇന്ത്യയെ എക്കാലവും ഒന്നിച്ചു നിര്‍ത്തിയതെന്നും അത് ഇല്ലാതാക്കാനുള്ള ബിജെപിയുടെ എല്ലാ ശ്രമത്തേയും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും അടിച്ചേല്‍പ്പിക്കുന്നത് സഹകരണ ഫെഡറലിസത്തേക്കാള്‍ നിര്‍ബന്ധിത ഫെഡറലിസത്തിന്റെ അടയാളമാണ്. രാജ്യത്തെ വിവിധ ഭാഷകളെക്കുറിച്ചുള്ള ബിജെപിയുടെ സങ്കുചിത കാഴ്ചപ്പാടുകള്‍ തിരുത്തേണ്ടതുണ്ട്, സവര്‍ക്കറിനെപ്പോലുള്ള കപട ദേശീയവാദികളില്‍ നിന്നുമാണ് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉരുത്തിരിഞ്ഞത്,’ സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.