വികസനകാര്യത്തില്‍ സില്‍വര്‍ ലൈനിനൊപ്പം; നല്ല മുഖ്യമന്ത്രിയാണ് പിണറായി: കെവി തോമസ്

single-img
7 April 2022

താന്‍ ഇതുവരെ കണ്ടതിൽ കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാള്‍ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് താനെന്നും വെല്ലുവിളിയായിരുന്ന ഗെയില്‍ പദ്ധതി ധീരമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണെന്നും കെവി തോമസ് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിന് നിരവധി സാധ്യതകളുണ്ടെന്നു പറഞ്ഞ അദ്ദേഹം, കേരളം വികസിക്കണം, വളരണമെന്നും അഭിപ്രായപ്പെട്ടു. കേരളത്തിൽ ഗെയില്‍ പദ്ധതി ധീരമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയനാണ്. അദ്ദേഹം നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് ഞാന്‍. ഞാന്‍ കണ്ട ശക്തരായ രണ്ട് നേതാക്കളാണ് കെ കരുണാകരനും പിണറായി വിജയനും.

കാര്യങ്ങളിൽ തീരുമാനമെടുത്താല്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് കരുണാകരന്‍. അതേപോലെ തന്നെയുള്ള നേതാവായി പിണറായി വിജയനെ കാണുന്നു. പിണറായിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തണം. നല്ല മുഖ്യമന്ത്രിയാണ് പിണറായിയെന്നും കെവി തോമസ് അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം തന്നെ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണെന്നും കെവി തോമസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനകാര്യത്തില്‍ സില്‍വര്‍ ലൈനൊപ്പമാണ് ഞാന്‍. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഭൂമിയേറ്റെടുക്കലാണ്. ദേശീയപാതകള്‍ ഇന്നും ഇടുങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം കാര്യങ്ങളില്‍ മാറ്റം വരണം. പരസ്പരം ഏറ്റുമുട്ടിയാല്‍ ശരിയാകുമോ. വികസനകാര്യത്തില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണം.”- കെവി തോമസ് പറഞ്ഞു.