അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി നിയമവിരുദ്ധം: പാക് സുപ്രീം കോടതി

single-img
7 April 2022

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി സ്വീകരിച്ച നടപടി ആര്‍ട്ടിക്കിള്‍ 95ന്റെ ലംഘനമാണെന്നും ഭരണഘടനവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

പ്രധാമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം നല്‍കിയ കേസ് കഴിഞ്ഞ നാല് ദിവസമായി കോടതി പരിഗണിക്കുകയാണ്. ഇതിന്മേൽ അന്തിമ വിധി ബുധനാഴ്ച 7:30 ന് പറയും. ചീഫ് ജസ്റ്റിസ് ബാന്‍ഡിയല്‍, മുഹമ്മദ് അലി മസ്ഹര്‍, മിയാന്‍ഖല്‍, മുനീബ് അക്തര്‍, ജമാല്‍ ഖാന്‍ മണ്ടോഖൈല്‍ എന്നിവരാടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇപ്പോഴുള്ള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.