ഓരോ ദിവസവും കൊന്നുതള്ളുന്നത് അഞ്ച് മുതൽ ആറ് വരെ റഷ്യൻ പടയാളികളെ; ഇത് ഉക്രൈനിന്റെ സൂപ്പർ വനിത സ്‌നൈപ്പർ

single-img
6 April 2022

ഉക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായുള്ള ‘ചാർക്കോൾ’ എന്നറിയപ്പെടുന്ന ഒരു വനിതാ സ്നൈപ്പറാണ് ഇപ്പോൾ ലോകമാകെ ചർച്ചാ വിഷയം. ഇവരുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2017 ലായിരുന്നു ചാർക്കോൾ ഉക്രെയ്ൻ മറീൻസ് സേനയുടെ ഭാഗമായത്.

ഏതുവിധത്തിലും റഷ്യക്കാരെ തോൽപ്പിക്കുക എന്ന ഈ സ്നൈപ്പറുടെ ആഹ്വാനം വലിയ ഹർഷാരവത്തോടെയാണ് രാജ്യമാകെ സ്വീകരിക്കപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓരോ ദിവസവും അഞ്ച് മുതൽ ആറ് വരെ റഷ്യൻ പടയാളികളെയാണ് തന്റെ റൈഫിൾ ഉപയോഗിച്ച് ചാർക്കോൾ കൊലചെയ്യുന്നത് എന്നാണ് വിവരം. ഒരു മാസ്ക് കൊണ്ട് മുഖം മറച്ച് പേര് വെളിപ്പെടുത്താതെയാണ് ചാർക്കോൾ എന്ന വനിതാ സ്‌നൈപ്പറിന്റെ പോരാട്ടം.

ഒരു സമയം തന്റെ പോരാട്ടമെല്ലാം നിർത്തി സൈന്യത്തോടൊപ്പമുള്ള യാത്രയും മതിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതാണ് ചാർക്കോൾ. പക്ഷെ ഇപ്പോൾ റഷ്യയുമായി യുദ്ധം ഉണ്ടായപ്പോൾ വീണ്ടും സൈന്യത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, റഷ്യയുടെ ഭാഗത്തും അതീവ ശക്തരായ വനിതാ സ്നൈപ്പർമാരുണ്ട് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. അവരിൽ പ്രധാനിയായ ബാഗിറ കഴിഞ്ഞയാഴ്ച ഉക്രെയ്ന്റെ പിടിയിലായിരുന്നു.