കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു; കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ തൃശൂർ മേയർക്കെതിരെ കേസെടുത്ത് പോലീസ്

single-img
6 April 2022

കോർപ്പറേഷൻ മേയർ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ മേയർ എംകെ വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിനാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം.

നേരത്തെ കൌൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൌൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ ആയിരുന്നു പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപണം ഉന്നയിച്ചത്. ചൊവ്വാഴ്ച മേയറുടെ ചേമ്പറിലും കൗൺസിൽ ഹാളിലുമായി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു.

വൈകുന്നേരം നാല് മണിക്കാണ് കൗൺസിൽ യോ​ഗം ചേരാനിരുന്നത്. ഇതിനായി മേയർ സ്ഥലത്തെത്തി. ഈ സമയത്ത് കൗൺസിലർമാർ മേയറുടെ കോലവുമായാണ് എത്തിയത്. കോലത്തിൽ ചെളിവെള്ളം ഒഴിക്കാനായിരുന്നു പദ്ധതി. ഇതറിഞ്ഞ മേയർ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. കോൺ​ഗ്രസ് കൗൺസിലർമാർ വിടാതെ മേയറെ പിന്തുടർന്നു. തുടർന്ന് മേയറുടെ ചേമ്പറിന് മുന്നിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് കൗൺസിലർമാർ കാറിന് മുന്നിൽ മേയറെ തടയുകയായിരുന്നു. കാർ മുന്നോട്ടെടുത്തപ്പോൾ‌ ഒരു കൗൺസിലർക്ക് പരിക്കേറ്റു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തടയുന്ന കൌൺസിലർമാരെ വകവയ്ക്കാതെ ഡ്രൈവറോട് കാറ് മുന്നോട്ടെടുക്കാൻ മേയർ ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.