എംഎൽ എയുടെ പരാതി ഫലിച്ചു; അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ച് ആലപ്പുഴയിലെ ഹോട്ടൽ

single-img
6 April 2022

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ആലപ്പുഴയിലെ ഹോട്ടലിനെതിരെ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ പരാതി കഴിഞ്ഞ ദിവസങ്ങളില്‍ കേരളമാകെ ചര്‍ച്ചയായ വിഷയമായിരുന്നു. ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയും നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ പരാതി.

ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അദ്ദേഹം പരാതി നല്‍കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എംഎല്‍എ ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ലെന്നത് ഉള്‍പ്പെടെ ചര്‍ച്ചകളിലേക്ക് ഈ വിഷയം മാറുകയും ചെയ്തു. എന്തായാലും ഇപ്പോൾ എംഎല്‍എയുടെ പരാതിയില്‍ പറയുന്ന ഹോട്ടലില്‍ മുട്ട റോസ്റ്റിന്‍റെയും അപ്പത്തിന്‍റെയും വില കുറച്ചു എന്ന വാർത്തകളാണ് വരുന്നത് .

സിംഗിള്‍ മുട്ട റോസ്റ്റിന് 50 രൂപയില്‍ നിന്ന് 40 ആക്കിയാണ് വില കുറച്ചിട്ടുള്ളത്. മെനു കാര്‍ഡില്‍ 50 രൂപ എന്നുള്ളത് വെട്ടി 40 ആക്കിയിട്ടുമുണ്ട്. അപ്പത്തിന് അഞ്ച് രൂപ കുറച്ച് പത്ത് ആക്കിയെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു. അതേസമയം, നേരത്തെ സാധാരണ മുട്ടറോസ്റ്റിൽ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ മുട്ടറോസ്റ്റെന്നും അതിൽ അണ്ടിപ്പരിപ്പും മുന്തിരിയുമടക്കം ചേ‍ർത്താണ് ഉണ്ടാക്കുന്നതെന്നുമായിരുന്നു ഹോട്ടൽ ഉടമ പ്രതികരിച്ചിരുന്നു.