ഇതിനൊക്കെ മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല; വസ്ത്രധാരണത്തിന്റെ പേരിലുള്ള അധിക്ഷേപ കമന്റുകളില്‍ റിമ കല്ലിങ്കല്‍

single-img
5 April 2022

വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. ഇതുപോലെയുള്ള കാര്യങ്ങള്‍ മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും താന്‍ ഇങ്ങിനെയുള്ള അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ പറഞ്ഞു.

ഇതുപോലെയുള്ള കാര്യങ്ങൾക്കൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. ഞാന്‍ അവരെ ചെറുതായി കാണുകയല്ല, ഇന്നത്തെ കുട്ടികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇങ്ങിനെയുള്ള നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും എനിക്ക് സമയമില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്.

ഇതുപോലെയുള്ള പ്രതികരണങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാണ്‍ ഞാന്‍ കരുതുന്നതെന്നും അവര്‍ റിപ്പോർട്ടർ ചാനലിനോട് സംസാരിക്കവെ പറഞ്ഞു

കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്‌കെയുടെ വേദിയില്‍ താരം മിനി സ്‌കേര്‍ട്ട് അണിഞ്ഞായിരുന്നു എത്തിയത്. ഇതിൽ കടുത്ത അധിക്ഷേപമായിരുന്നു നടിക്കെതിരെ നടത്തിയത്. അതേസമയം, സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് റിമ ആര്‍ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചത്. ഓൺലൈൻ മാധ്യമമായ ദി ക്യൂ റിമ കല്ലിങ്കലിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. അതിന്റെ താഴെയാണ് ചിലര്‍ അശ്ലീലം കമന്റുകളുമായി എത്തിയത്.