ഫോബ്‌സ് പട്ടിക; ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനി; രണ്ടാമത് അദാനി

single-img
5 April 2022

ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയാണ് അദ്ദേഹത്തിന്റെ തൊട്ടുപിന്നിൽ. എച്ച്‌സിഎൽ ടെക്‌നോളജീസ് ചെയർമാൻ എമരിറ്റസ് ശിവ് നാടാർ മൂന്നാം സ്ഥാനത്തെത്തി.

ഫോബ്‌സ് മാഗസിന്റെ 2022 പട്ടികയിലെ ആദ്യ മൂന്ന് റാങ്കിംഗുകൾ മുൻ വർഷത്തേക്കാൾ മാറ്റമില്ലാതെ തുടരുന്നു. റിപ്പോർട്ട് പ്രകാരം, അംബാനിയുടെ ആകെ ആസ്തി കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 7 ശതമാനം വർധിച്ച് 90.7 ബില്യൺ ഡോളറായി. രാജ്യത്തെ ഏറ്റവും ഉയർന്ന ആസ്തിയുള്ള വ്യക്തി എന്നതിന് പുറമെ, അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും സമ്പന്നരുടെ പട്ടികയിൽ ലോകത്തിൽ പത്താം സ്ഥാനത്തുമാണ്.

രണ്ടാം സ്ഥാനത്തുള്ള അദാനി, ആകെ 90 ബില്യൺ ഡോളർ ആസ്തിയുള്ള ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നൻ കൂടിയാണ്. കോവിഡ് വാക്സിന്റെ പേരിൽ പ്രശസ്തനായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാലെ 24.3 ബില്യൺ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്താണ്. 2021 ൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ 100 വ്യക്തികളുടെ പട്ടികയിൽ പ്രവേശിച്ച ഡി-മാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനി 20 ബില്യൺ ഡോളറിന്റെ ആസ്തിയുമായി അഞ്ചാം സ്ഥാനത്താണ്.

17.9 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ആർസലർ മിത്തൽ എക്‌സിക്യൂട്ടീവ് ചെയർമാൻ ലക്ഷ്മി മിത്തൽ ആറാം സ്ഥാനത്താണ്. ഒപി ജിൻഡാൽ ഗ്രൂപ്പ് മാട്രിയാർക്ക് സാവിത്രി ജിൻഡാൽ (17.7 ബില്യൺ ഡോളർ) ഏഴാം സ്ഥാനത്തും ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർ ബിർള (16.5 ബില്യൺ ഡോളർ) എട്ടാം സ്ഥാനത്തും സൺ ഫാർമസ്യൂട്ടിക്കൽസ് മേധാവി ദിലീപ് ഷാങ്‌വി (15.6 ബില്യൺ ഡോളർ) ഒമ്പതാം സ്ഥാനത്തും കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക് (ഡോളർ 14 ബില്യൺ) 14ാം സ്ഥാനത്തും എത്തി.