കോണ്‍ഗ്രസ് – ലീഗ് എംപിമാര്‍ ശബ്ദം ഉയര്‍ത്തുന്നത് കേരളത്തിന്റെ വികസനം തടയാന്‍ വേണ്ടി മാത്രം: മുഖ്യമന്ത്രി

single-img
5 April 2022

വികസനം തടയാൻ മാത്രമാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ നിലകൊള്ളുന്നതെന്ന കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണ്. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് അവര്‍ക്കെന്നും കണ്ണൂരില്‍ നടക്കുന്ന 23മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ രാജ്യത്തെ പ്രത്യയശാസ്ത്ര ശത്രു സിപിഎമ്മാണ്. ഇവിടെയാവട്ടെ കോണ്‍ഗ്രസും ലീഗും അവര്‍ക്കൊപ്പം നിലകൊള്ളുകയാണ്. കേരളത്തിന്റെ ഏതെങ്കിലും ഒരു കാര്യത്തിന് കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ ശബ്ദമുയര്‍ത്തിയോ എന്ന് ചോദിച്ച മുഖ്യമന്ത്രി, അവര്‍ ശബ്ദം ഉയര്‍ത്തുന്നത് കേരളത്തിന്റെ വികസനം തടയാന്‍ വേണ്ടി മാത്രമാണെന്നും കുറ്റപ്പെടുത്തി. ജനവികാരത്തിന് എതിര് നില്‍ക്കുന്നവര്‍ ശോഷിച്ചു ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.