അഭയ കേസിലെ ഡോ. രമയുടെ നിർണ്ണായക ഇടപെടൽ ഓർമ്മിപ്പിച്ചു കെടി ജലീൽ

single-img
1 April 2022

അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പോലീസ് സർജൻ ഡോ. രമയുടെ വിയോഗ വാർത്തയിൽ ദുഃഖം രേഖപ്പെടുത്തി മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത അഭയ കേസിലെ പ്രതി സിസ്റ്റർ സെഫിയെ ഡോക്ടർ പി രമയുടെ മുന്നിൽ വൈദ്യ പരിശോധനക്കായി കൊണ്ട് വരുന്ന കാര്യങ്ങൾ എഴുതുകയുണ്ടായി.

ലോകായുക്ത സിറിയക് ജോസഫിൻ്റെ ഉറ്റ ബന്ധു ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിൽ നടന്നിരുന്ന ലൈംഗിക വേഴ്ച നടന്നിട്ടില്ലെന്ന് വരുത്തി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ഒരു ശസ്ത്രക്രിയയിലൂടെ കന്യാചർമ്മം സെഫിക്ക് കൃത്രിമമായി വെച്ചുപിടിപ്പിച്ചത്. ഈ മഹാപാപം മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത് ഡോ: രമയെന്ന സത്യസന്ധയായ പോലീസ് സർജനാണ്. അഭയ കേസിൽ നിർണ്ണായക വഴിത്തിരിവായത് പ്രസ്തുത കണ്ടെത്തലാണ് എന്ന് ജലീൽ ഓർമ്മിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

സത്യസന്ധയായ പോലീസ് സർജൻ ഡോ: രമ വിടവാങ്ങി. ആദരാഞ്ജലികൾ.
അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പോലീസ് സർജൻ ഡോ. രമയുടെ വിയോഗ വാർത്ത ദു:ഖത്തോടെയാണ് കേട്ടത്.
ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉൾപ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാൻ ശ്രമിച്ച കൊലക്കേസായിരുന്നു 30 വർഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്.

കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂർ കർണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുൻ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിൻ്റെ ഭാര്യാ സഹോദരി ഭർത്താവിൻ്റെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുത്തത് .

ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത അഭയ കേസിലെ പ്രതി സിസ്റ്റർ സെഫിയെ ഡോക്ടർ പി രമയുടെ മുന്നിൽ വൈദ്യ പരിശോധനക്കായി കൊണ്ട് വരുന്നത്.

ലോകായുക്ത സിറിയക് ജോസഫിൻ്റെ ഉറ്റ ബന്ധു ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിൽ നടന്നിരുന്ന ലൈംഗിക വേഴ്ച നടന്നിട്ടില്ലെന്ന് വരുത്തി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ഒരു ശസ്ത്രക്രിയയിലൂടെ കന്യാചർമ്മം സെഫിക്ക് കൃത്രിമമായി വെച്ചുപിടിപ്പിച്ചത്. ഈ മഹാപാപം മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത് ഡോ: രമയെന്ന സത്യസന്ധയായ പോലീസ് സർജനാണ്. അഭയ കേസിൽ നിർണ്ണായക വഴിത്തിരിവായത് പ്രസ്തുത കണ്ടെത്തലാണ്.

പലരെയും പോലെ ഡോ: രമ സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങിയിരുന്നെങ്കിൽ അഭയ കേസ് ഒരുവേള തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ.


2019 ൽ അഭയ കേസിലെ വിചാരണ സി.ബി.ഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ രമയെ സി.ബി.ഐ കോടതി നിയോഗിച്ച മജിസ്ട്രേറ്റ്, വീട്ടിൽ പോയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അഭയ കേസിൻ്റെ ചുരുളഴിച്ച ദൈവത്തിൻ്റെ സ്വന്തം വക്കീൽ ജോമോൻ പുത്തൻ പുരയ്ക്കൽ തൻ്റെ ആത്മ കഥയിൽ പറയുന്നുണ്ട്.

ഡോക്ടർ രമ അസുഖബാധിതയായി കിടപ്പിലായതിനാലാണ് അവരുടെ വീട്ടിൽ പോയി മൊഴിയെടുക്കേണ്ടി വന്നത്. അത്തരമൊരു സാഹചര്യത്തിലും സത്യം തുറന്നു പറയാൻ അവർ കാണിച്ച തൻ്റേടത്തിന് ഒരു ബിഗ് സെല്യൂട്ട്.

ധീരയും സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിരൂപവുമായ ഡോ: പി രമയുടെ നിര്യാണത്തിൽ ആദരാജ്ഞലികൾ. പ്രശസ്ത സിനിമാ നടൻ ജഗദീഷൻ്റെ നല്ല പാതിയാണ് അന്തരിച്ച ഡോ: രമ. ജഗദീഷിൻ്റെയും കുടുംബത്തിൻ്റെയും അഗാധമായ ദു:ഖത്തിൽ നമുക്കും പങ്ക് ചേരാം. ജീവിത വിജയം നേടിയവരുടെ പട്ടികയിൽ ഡോ: രമയുടെ നാമം തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെടും. തീർച്ച