തകർത്തടിച്ച് സഞ്ജു; ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം നൽകി രാജസ്ഥാൻ

single-img
29 March 2022

ഐപി എല്ലിൽ ഇന്ന് നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സഞ്ജുവിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ദേവ്ദത്ത് പടിക്കലിന്‍റയെും ഇന്നിംഗ്സിന്‍റെ അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയും മികച്ച ബാറ്റിങ് ൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.

ഇതിൽ 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. അതേസമയം, ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. രാജസ്ഥാന്റെ പവര്‍ പ്ലേക്ക് പിന്നാലെ ജയ്‌സ്വാളും(16 പന്തില്‍ 20), ബട്‌ലറും(28 പന്തില്‍ 35) മടങ്ങിയതോടെ രാജസ്ഥാന്‍ തകരുമെന്ന് കരുതിയെങ്കിലും മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ സ്കോര്‍ ബോര്‍ഡ് മുന്നോട്ടുനീങ്ങുകയായിരുന്നു.

കളിയുടെ പതിനൊന്നാം ഓവറില്‍ 100 കടന്ന രാജസ്ഥാന്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറെയും ഉമ്രാന്‍ മാലിക്കിനെയും ടി നടരാജനെയും മധ്യ ഓവറുകളില്‍ നിലം തൊടീച്ചില്ല. സഞ്ജു വെറും 18 പന്തില്‍ 37 റൺ നേടിയ സമയം 14 പന്തില്‍ 16 റണ്‍സിലായിരുന്ന പടിക്കല്‍ പിന്നീട് സഞ്ജുവിനെയും പിന്നിലാക്കി കുതിച്ചു. പതിനഞ്ചാം ഓവറിലെ പടിക്കലിനെ(29 പന്തില്‍ 41) ബൗള്‍ഡാക്കി ഉമ്രാന്‍ മാലിക്ക് ഹൈദരാബാദിന് ആശ്വാസം നൽകി.

ഹൈദരാബാദിന്റെ മികച്ച ബൗളർമാരിൽ ഒരാളായ വാഷിംഗ്ടണ്‍ സുന്ദറിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്സുകളുമായി 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു പതിനാറാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു. എന്നാൽ ഇതിന്റെ പിന്നാലെ ആക്രമണം ഏറ്റെടുത്ത ഹെറ്റ്മെയറും അവസാന നാലോവറില്‍ 47 റണ്‍സടിച്ച് രാജസ്ഥാനെ 210ല്‍ എത്തിച്ചു. ഹെറ്റ്മെയര്‍ 13 പന്തില്‍ 32 റണ്‍സടിച്ചപ്പോള്‍ പരാഗ് ഒമ്പത് പന്തില്‍ 12 റൺ നേടി.കളിയിൽ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.