ബംഗാളിലെ ബീർഭൂമിൽ രാഷ്ട്രീയ കലാപം; തീവെപ്പിൽ എട്ട് പേർ വെന്തുമരിച്ചു

single-img
22 March 2022

പശ്ചിമ ബംഗാളിലെ ബീർഭൂമിൽ നടന്ന രാഷ്ട്രിയ കലാപത്തിലെ തീവെപ്പിൽ എട്ട് പേർ വെന്തുമരിച്ചു. തൃണമൂൽകോൺഗ്രസ് പ്രവർത്തകരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ബീർഭൂം രാംപുരാഹത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഓഫീസറേയും എസ്ഡിപിഒയെയും സസ്‌പെൻഡ് ചെയ്തു. സംസ്ഥാനത്തെ ബീർഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് കലാപമുണ്ടായത്. പ്രദേശത്തെ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ബാദു ഷെയ്ക്കിനെ അജ്ഞാത സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു.

ഈ കൊലപാതകത്തെ തുടർന്ന് തൃണമൂൽ പ്രവർത്തകർ വീടുകൾക്ക് തീവെച്ചതായാണ് ആരോപണം. പ്രദേശത്തെ ഇരുപതോളം വീടുകൾക്കാണ് തീയിട്ടത്. ഈ വീടുകളിലെ താമസക്കാരെ വീടിനകത്ത് പൂട്ടിയിട്ട ശേഷമാണ് തീ കൊളുത്തിയതെന്നാണ് വിവരം. ഉടൻതന്നെ വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയെ അക്രമികൾ വഴിയിൽ തടഞ്ഞു. അക്രമ സംഭവങ്ങൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പ്രതികരിച്ചു.