തെരഞ്ഞെടുപ്പ് പരാജയം അത്ഭുതപ്പെടുത്തുന്നില്ല; കോൺഗ്രസ് നേതൃസ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണം: കപിൽ സിബൽ

single-img
15 March 2022

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ഗ്രൂപ്പ് ജി-23 അംഗവുമായ കപില്‍ സിബല്‍. അടുത്തിടെ നടന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വി അത്ഭുതപ്പെടുത്തിയില്ലെന്നും, 2014 മുതല്‍ പാര്‍ട്ടി താഴേക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014 കാലയളവ് മുതല്‍ 177 എം.പിമാരും എംഎല്‍എമാരും 222 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് വിട്ടു. ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണം. നേതൃനിരയിൽ മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം. ഇവിടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിരവധി നേതാക്കളുണ്ട്.

2022 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ നേതൃത്വത്തോട് അടുപ്പമുള്ളവര്‍ പാർട്ടിയിൽ നിന്നും വിട്ടുപോയി. ഉത്തർ പ്രദേശിൽ 2.33 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ജനങ്ങളുമായി പാര്‍ട്ടിക്ക് അടുത്ത് ഇടപെടാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടെത്താനായി നടത്തുന്നു. പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് ഇത്രയും കാലമായിട്ടും നേതൃത്വത്തിന് ശ്രദ്ധയില്ലെന്നും അദ്ദേഹം പറഞ്ഞു.