കേരളത്തിലും ബംഗാളിലും അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ മാർക്സിസ്റ്റു പാർട്ടിക്കാർ നക്സലൈറ്റുകളായി മാറുമായിരുന്നു: ചെറിയാൻ ഫിലിപ്

single-img
14 March 2022

നവയുഗം ലേഖനം ശരിയെന്നും 1967-ൽ തെരഞ്ഞെടുപ്പിൽ കേരളത്തിലും ബംഗാളിലും അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ അക്കാലത്തെ ചൈന പക്ഷക്കാരും മാവോവാദികളുമായിരുന്ന മാർക്സിസ്റ്റു പാർട്ടിക്കാർ നക്സലൈറ്റുകളായി മാറുമായിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

യുവാക്കളിൽ സായുധ വിപ്ലവബോധം ഉണ്ടാക്കി നക്സലിസം വളർത്തിയതിന്റെ ഉത്തരവാദികൾ സി പി എം ആണെന്ന നവയുഗം നിരീക്ഷണം ചരിത്ര വസ്തുതയാണ്. ഇത് സി പി ഐയുടെ നിലപാടാണെന്ന് വ്യക്തം.


1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാതെ കൽക്കട്ടാ തീസിസ് പ്രകാരം സായുധ കലാപത്തിന് ഒരുങ്ങിയ കമ്മ്യൂണിസ്റ്റുകാർ അന്ന് സ്റ്റാലിനിസ്റ്റുകളായിരുന്നു. സ്റ്റാലിന്റെ മരണത്തിനു ശേഷം തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന മാവോ തത്വങ്ങളിലും ചൈനയിലെ സാംസ്ക്കാരിക വിപ്ലവത്തിലും ആകൃഷ്ടരായവരാണ് എ കെ.ജി, രണദിവെ, സുന്ദരയ്യ , വി എസ് തുടങ്ങിയവരെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടി മുഴക്കം എന്ന ലേഖനം ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയിലിയിൽ വന്നപ്പോൾ കേരളത്തിലെ കെ.എസ് വൈ എഫ് കാരും കെ എസ് എഫുകാരും ചെയർമാൻ മാവോ നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നു. ഗറില്ലാ സമരത്തേയും ചെഗുവരേ മോഡൽ വിപ്ലവത്തേയും ഇവർ അനുകൂലിച്ചിരുന്നു.

സി പി എം ലെ യുവ നേതാക്കളായ എ വർഗീസ്, ഫിലിപ്പ് എം പ്രസാദ് എന്നിവർ ചാരുമജുംദാർ ഗ്രൂപ്പിലും, എം വി രാഘവൻ, പാട്യം ഗോപാലൻ എന്നിവർ നരിമല നാഗ റെഡ്ഢി ഗ്രൂപ്പിലുമായിരുന്നു. സി പി എം കാർ കേരളത്തിലുടനീളം രൂപീകരിച്ച ഗോപാല സേനക്കാർ ചൈനീസ് വിപ്ലവത്തെ അനുകൂലിച്ചിരുന്നു. എഴുപതുകളിൽ അടിയന്തിരാവസ്ഥ വരെ മാവോയുടെ സാംസ്ക്കാരിക വിപ്ലവത്തെ ഇ എം എസ് പ്രകീർത്തിച്ചിരുന്നു. അക്കാലത്ത് കെ.എസ് യു മുഖ പത്രമായ കലാശാലയിൽ പത്രാധിപരായ താൻ ഇ എം എസിന്റെ നിലപാടിനെ വിമർശിച്ചു കൊണ്ട് മുഖലേഖനം എഴുതിയിരുന്നതായും ചെറിയാൻ ഫിലിപ് പറഞ്ഞു..