സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില ഉയരും; അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരും

single-img
13 March 2022

കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും താപനില ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത. അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരും. സംസ്ഥാനമാകെ മിക്കയിടങ്ങളും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, താപനില ഉയരുന്ന പശ്ചാത്തലത്തില്‍ സൂര്യാഘാത സാധ്യത കൂടി. ഇത് കണക്കിലെടുത്ത് ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പുറം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാന ദിവസങ്ങളില്‍ കൊടുംചൂടിന് സാക്ഷ്യം വഹിച്ച പുനലൂര്‍, പാലക്കാട്, വെള്ളാനിക്കര എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

ചൂടിനൊപ്പം സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ വേണ്ടത്ര മുന്‍കരുതലെടുക്കണം. ഇതിനിടെ അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. സാധാരണ നിലയില്‍ വേനല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.