ഖാർകീവിൽ നിന്നും കുട്ടികള്‍ സ്വന്തം കഴിവുകൊണ്ടാണ് രക്ഷപ്പെട്ടത്; എംബസി സഹായിച്ചില്ലെന്ന് വേണു രാജാമണി

single-img
3 March 2022

ഉക്രൈനിലെ രക്ഷാപ്രവർത്തനത്തില്‍ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളെ വിമർശിച്ച് കേരളാ ഹൗസിലെ സ്പെഷ്യല്‍ ഓഫീസർ വേണു രാജാമണി. ഉക്രൈനിലെ ഖാർകീവിൽ നിന്നും കുട്ടികള്‍ സ്വന്തം കഴിവുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും എംബസി സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ ആക്രമണം വളരെ രൂക്ഷമായ സുമിയിലെ കുട്ടികള്‍ക്കായി എട്ടുദിവസമായിട്ടും ഇന്ത്യൻ എംബസി ഒന്നും ചെയ്തില്ലെന്നും പ്രശ്നമില്ലാത്ത സ്ഥലങ്ങളിലെ വിദ്യാർഥികളെ നാട്ടിലെത്തിച്ച് ആഘോഷിക്കുകയാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

ഇന്ത്യയിൽ നിന്നും മന്ത്രിമാര്‍ പോയതുകൊണ്ട് പ്രയോജനമുണ്ടായില്ല, പ്രശസ്തി മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിടെ നിന്നും 1000 പേരെ ഇനിയും പുറത്തിറക്കാനുണ്ട്. അക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സുമിയിലേക്ക് യാത്രാസംവിധാനമില്ലാത്തത് ആശങ്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു.