ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ഉക്രൈന്‍ ജനതയോടൊപ്പം നില്‍ക്കാനും സംഭാവനയായി ക്രിപ്‌റ്റോ കറന്‍സികള്‍ നൽകാനും ട്വീറ്റ്

single-img
27 February 2022

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തു. ഉക്രൈന്‍ ജനതയോടൊപ്പം നില്‍ക്കുക, സംഭാവനയായി ക്രിപ്‌റ്റോ കറന്‍സികള്‍ നല്‍കുക. ബിറ്റ് കോയിന്‍, ഇതറീയം എന്നിയാണ് നല്‍കാം എന്നുള്ള പോസ്റ്റും നദ്ദയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെ ആയിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍ പെടുന്നത്. ആദ്യ ട്വീറ്റിന് പിന്നാലെ സംശയങ്ങള്‍ പ്രകടിപ്പിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതിന് മറുപടി എന്ന നിലയില്‍ മറ്റൊരു ട്വീറ്റും വന്നു . തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, എല്ലാ സംഭാവകളും ഉക്രൈന്‍ സര്‍ക്കാറിലേക്ക് ചെല്ലുമെന്നുമായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

രണ്ടാമത്തെ ട്വീറ്റിന് പിന്നാലെ ഉക്രൈന് സഹായം അഭ്യര്‍ത്ഥിച്ചുള്ള ആദ്യ ട്വീറ്റ് അപ്രത്യക്ഷമാവുകയും, റഷ്യക്ക് സഹായം തേടിയുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടുയും ചെയ്തു. റഷ്യന്‍ ജനതയോട് ഒപ്പം നില്‍ക്കുക. ക്രിപ്‌റ്റോ കറന്‍സികള്‍ സംഭാവനകള്‍ സ്വീകരിക്കപ്പെടും. എന്നായിരുന്നു ട്വീറ്റ്. അതേസമയം, ഹാക്കിങ് ശ്രദ്ധയില്‍പെട്ടതോടെ അധികൃതര്‍ ഇടപെട്ട് അക്കൗണ്ട് തിരിച്ചെടുക്കുകയും ചെയ്തു.