ജപ്പാനെ മറികടക്കും; 2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: മുകേഷ് അംബാനി

single-img
23 February 2022

2030 ആകുന്നതോടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ഇതോടൊപ്പം ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അദ്ദേഹം ഏഷ്യ ഇകണോമിക് ഡയലോഗിൽ സംസാരിക്കവെ പറഞ്ഞു. ഇനിവരുന്ന 20 വർഷത്തിനുള്ളിൽ 500 ബില്യൻ ഡോളറിന് മുകളിൽ ശുദ്ധ ഊർജ കയറ്റുമതി നടക്കുമെന്നും ഗ്രീൻ എനർജി കയറ്റുമതിയിൽ ഇന്ത്യ വൻശക്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

”ഗ്രീൻ, ക്ലീൻ ഊർജവുമായി ബന്ധപ്പെട്ട രംഗത്ത് സ്വയംപര്യാപ്തത നേടുന്നത് ഇന്ത്യയെ ആഗോളശക്തിയാക്കും. ഈ മേഖലകളിൽ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതുവഴിയുള്ള ഊർജമാറ്റം 21ാം നൂറ്റാണ്ടിൽ ജിയോപൊളിറ്റിക്കൽ പരിവർത്തനമുണ്ടാക്കും” അദ്ദേഹം അഭിപ്രായപ്പെട്ടു.

അവസാന 20 വർഷങ്ങളിൽ ഇന്ത്യ ഒരു ഐടി സൂപ്പർ പവറായി ഉയർന്നുവന്നിട്ടുണ്ടെങ്കിൽ ഇനിവരുന്ന 20 വർഷം, സാങ്കേതികവിദ്യയ്‌ക്കൊപ്പം ഊർജ്ജത്തിലും ലൈഫ് സയൻസസിലും ഇന്ത്യ ഉയർന്നുവരുമെന്ന് താൻ വിശ്വസിക്കുന്നു.

മാത്രമല്ല, ഇനിയുള്ള അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടിനുള്ളിൽ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള മാർഗം ഇന്ത്യക്ക് ഉണ്ടാകണമെന്ന് അംബാനി പറഞ്ഞു.